Saturday, 12 July 2014

            വിദ്യാരംഭം 

അറിവിന്റെ സരസ്വതീക്ഷേത്രത്തിൽ,
കൽ വിളക്കിൻ ചോട്ടിൽ നാവിൽ കുറിച്ചിട്ട മൊഴികൾ
ഓർമകളിലെവിടെയും മായാതെ നില്ക്കുന്ന ബാല്യകൌതുകങ്ങൾ
ഒരു വീടുമാറ്റം കൊണ്ട് എനിക്കു നഷ്ടപ്പെട്ട സൌഹൃദങ്ങൾ
എല്ലാം അക്ഷരച്ചൂളയിൽ കത്തുന്നുണ്ട്
ഓർമ്മച്ചിരാതുകളെരിയുമ്പോഴും,
കനൽ വഴിയിലൂടെ നടക്കുമ്പൊഴും,
തിളക്കുന്ന അക്ഷരങ്ങൾ പെറുക്കി വയ്ക്കുന്നു ഞാൻ
എന്തിനോ വേണ്ടി 
ഒരു ചരമ അറിയിപ്പ്‌ 

ഉറങ്ങിയപ്പോൾ,
ഞാനൊരു പട്ടുമെത്തയിലായിരുന്നു
സ്വപ്നങ്ങളുടെ പനിനീർപ്പൂക്കൾക്കിടയിൽ
സ്വപ്നത്തിൽ എനിക്കു ചിറകു വച്ചു
പറന്നു പറന്ന്‌ ആകാശത്തിനു മേലേക്ക്‌
ഒരു പട്ടം കണക്കേ.
അറിഞ്ഞിരുന്നില്ല,ചരടു മറ്റെവിടെയോ ആണെന്ന്‌.

ഉണർന്നപ്പോൾ ഞാൻ അലയാഴിക്കടുത്തായിരുന്നു
പനിനീർപ്പൂക്കൾ ചവിട്ടി മെതിക്കപ്പെട്ടിരുന്നു
മുള്ളുകൾ ദേഹം കീറി മുറിച്ചിരുന്നു.
ഭീഷ്മരെപ്പോലെ ഞാനീ ശരശയ്യയിൽ.

കല്ലെറിയുന്ന സമൂഹമേ,
സ്വപ്നങ്ങളുടെ പനിനീർപ്പൂക്കളിൽ മുള്ളുണ്ടെന്ന്‌ ,
എനിക്കു പറഞ്ഞു തരാത്തതെന്തേ?
ഒരു ചരടിൽ കോർത്തെന്നെ ആസ്വദിക്കൻ അനുവദിച്ചതെന്തേ?
ഇതെന്റെ ഒടുവിലത്തെ കണ്ണുനീർ
എന്റെ ചരമക്കുറിപ്പ്